Showing posts with label മുല്ല. Show all posts
Showing posts with label മുല്ല. Show all posts

Tuesday, 18 August 2015

മുല്ല

                                                                  മുല്ല


മുല്ല പലതരമുണ്ട്‌. ശരിയായ മുല്ല ഒരു വള്ളിച്ചെടിയുമാണ്‌. ഇതിന്റെ സസ്യനാമം ജാസ്‌മിനം മള്‍ട്ടിഫ്‌ളോറം. നമ്മുടെ നാട്ടില്‍ ഏറെ പ്രചരിച്ച മുല്ലച്ചെടിയാണല്ലോ കുറ്റിമുല്ല അഥവാ ബുഷ്‌ ജാസ്‌മിന്‍. ഇത്‌ നിലത്തോ ചട്ടിയിലോ അനായാസം നടാം. രണ്ടായാലും വിളവു മോശമാകില്ല. ഒരു സെന്റ്‌ സ്ഥലത്ത്‌ 30 ചെടി വരെ നടാം. നട്ട്‌ നാല്‌-അഞ്ച്‌ മാസം മുതല്‍ വിളവെടുക്കാം. ഒരു ചെടിയില്‍ നിന്ന്‌ വര്‍ഷം 600 ഗ്രാം മുതല്‍ ഒന്നര കിലോ വരെ പൂവു കിട്ടും. ഒരു കിലോ പൂവിന്‌ 80 രൂപ മുതല്‍ 200 രൂപ വരെ സീസണനുസരിച്ച്‌ വില കിട്ടും. നല്ല വിളവ്‌ തരുന്ന നൂറു ചെടിയുണ്ടെങ്കില്‍ ഒരു വര്‍ഷം കുറഞ്ഞത്‌ 12000 രൂപ വരുമാനവും പ്രതീക്ഷിക്കാം.

നന്നായി സൂര്യപ്രകാശം കിട്ടുന്ന തുറസായസ്ഥലമാണ്‌ മുല്ല വളര്‍ത്താന്‍ നന്ന്‌. മുല്ല തണലത്തു വളര്‍ന്നാല്‍ പൂ പിടിത്തം കുറയും. കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്‌ക്കും ഏറ്റവും യോജിച്ചതാണ്‌ കുറ്റിമുല്ല എന്ന കുടമുല്ല. നല്ല നീര്‍വാര്‍ച്ചാ സൗകര്യമുള്ള മണല്‍ അംശം കൂടുതലുള്ള വളക്കൂറുള്ള മണ്ണ്‌ കൃഷിക്ക്‌ ഏറ്റവും നന്ന്‌. ചാലുകളെടുത്ത്‌ മതിയായ ഉയരത്തില്‍ വാരം കോരി വേണം തൈകള്‍ നടാന്‍. ആഴത്തില്‍ കിളച്ചൊരുക്കിയ സ്ഥലത്ത്‌ മണ്ണ്‌ പൊടിയാക്കി കളകള്‍ പാടേ നീക്കിയിരിക്കണം. കേരളത്തില്‍ നടീലിനു യോജിച്ച സമയം ജൂണ്‍ മുതല്‍ ഓഗസ്‌റ്റ്‌ വരെയാണ്‌.  തണ്‌ടുകള്‍ മുറിച്ചതോ വേരുപിടിപ്പിച്ചശേഷം മുറിച്ചെടുത്തതോ ആണ്‌ നടീല്‍വസ്‌തു. മുറിപ്പാടുകളില്‍ സെറാഡിക്‌സ്‌ പോലുള്ള ഹോര്‍മോണ്‍ പൊടി പുരട്ടിയിട്ടു നട്ടാല്‍ വേഗം വേരുപിടിക്കും. തുടര്‍ന്ന്‌ പോട്ടിംഗ്‌ മിശ്രിതം നിറച്ച പോളിത്തീന്‍ കൂടുകളില്‍ നടാം. 

കുറ്റിമുല്ല ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താം. മണ്‍ചട്ടിയോ സിമന്റ്‌ ചട്ടിയോ ആകാം. മണ്ണ്‌, മണല്‍, ചാണകപ്പൊടി എന്നിവ തുല്യയളവില്‍ ചേര്‍ത്ത മിശ്രിതം നിറച്ച്‌ അടിവളമായി വേപ്പിന്‍പിണ്ണാക്ക്‌, എല്ലുപൊടി എന്നിവയും ചേര്‍ത്താല്‍ ചട്ടിയില്‍ വളര്‍ത്താവുന്നതേയുള്ളൂ. ചാക്കിലായാലും ചട്ടിയിലായാലും ആവശ്യത്തിന്‌ വളവും നനയും നല്‍കിയാല്‍ കുറ്റിമുല്ല ധാരാളം പൂക്കള്‍ തരും. വീട്ടില്‍ നല്ലതുപോലെ വെയില്‍ കിട്ടുന്ന ടെറസ്‌ ഇതിന്‌ യോജിക്കുന്ന സ്ഥലമാണ്‌.